Have any question?
+91-483-2700261
Send us a Email
edavannascb@gmail.com
About Edavanna

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് എടവണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടവണ്ണ, പെരകമണ്ണ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന എടവണ്ണ ഗ്രാമപഞ്ചായത്തിനു 49.13 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഊര്‍ങ്ങാട്ടിരി, മമ്പാട് ഗ്രാമപഞ്ചായത്തുകള്‍, തെക്ക് തൃക്കലങ്ങോട്, തിരുവാലി ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് മമ്പാട്, തിരുവാലി ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് കാവനൂര്‍, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്.

1961 -നാണ് പെരകമണ്ണ, എടവണ്ണ വില്ലേജുകള്‍ കൂട്ടിച്ചേര്‍ത്ത് എടവണ്ണ പഞ്ചായത്ത് നിലവില്‍ വരുന്നത്. 1963 ഡിസംബര്‍ ആറിന് നടന്ന ജനറല്‍ ഇലക്ഷനിലൂടെ എടവണ്ണ പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി നിലവില്‍ വന്നു. പശ്ചിമഘട്ട മലമടക്കുകളില്‍ നിന്നും ഉത്ഭവിച്ചൊഴുകുന്ന ചാലിയാറിന്റെ തീരത്തുള്ള “ഇടമണ്ണ്” ആണ് “എടവണ്ണ”യായി തീര്‍ന്നത് എന്നാണ് പറയപ്പെടുന്നത്. ചാലിയാറോളം പഴക്കവും പ്രചീനതയുമുണ്ട് എടവണ്ണയുടെ ചരിത്രത്തിനും. പ്രാചീനകാലം തൊട്ടേ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. എടവണ്ണയുടെ പരിസരങ്ങളില്‍ നിന്നും പലപ്പോഴായി കിട്ടിയ ചരിത്രാവശിഷ്ടങ്ങള്‍ അത്തരമൊരു സൂചന നല്‍കുന്നുണ്ട്. ഇവിടുത്തെ യഥാര്‍ത്ഥ ആദിമനിവാസികള്‍ എന്ന് അവകാശപ്പെടാന്‍ കഴിയുക ആദിവാസികള്‍ക്കു മാത്രമാണ്. ചോലാര്‍, ചെക്കുന്ന്, കൊളപ്പാട് തുടങ്ങിയ മലകളുടെ മുകള്‍ത്തട്ടില്‍ താമസിക്കുന്ന “മുതുവാന്‍” സമുദായക്കാരാണ് ഈ പ്രദേശത്തെ പ്രസ്തുത ആദിമജനത. പിന്നെ ഇന്നുള്ള വിവിധ ഹരിജന്‍ വിഭാഗങ്ങളുടെ മുന്‍ഗാമികളും. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മലബാറിലെ തീരപ്രദേശങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ ആധിപത്യം സ്ഥാപിച്ചു. പോര്‍ച്ചുഗീസുകാരുടെ കടന്നാക്രമണം നിമിത്തം ഭൂരിപക്ഷം മുസ്ളീങ്ങള്‍ ഉള്‍പ്പെടുന്ന മലബാര്‍ ജനതയില്‍, ചില കുടുംബങ്ങള്‍ എടവണ്ണ പോലുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുകയായിരുന്നു. ചാലിയാര്‍ ഇതിന് സുഗമമായ പാതയൊരുക്കുകയും ചെയ്തു. ചാലിയാറിന്റെ തീരപ്രദേശത്തെ വളക്കൂറുള്ള മണ്ണും, വിലമതിക്കാനാവാത്ത ജൈവസമ്പത്തും, വനപ്രദേശങ്ങളും കുടിയേറ്റത്തെ ത്വരിതപ്പെടുത്തി.

ഏറനാടന്‍ മലമടക്കുകളെ തഴുകിയെത്തുന്ന ചാലിയാറിന്റെ തീരത്തെ ഈ ഗ്രാമം വിശേഷമായൊരു സംസ്കാരത്തിന്റെ വിളഭൂമിയാണ്. നാല് ദിക്കുകളിലുമുള്ള കൊച്ചുപട്ടണങ്ങളുടെ മധ്യത്തിലുള്ള “ഇടമണ്ണ്” കാലാന്തരത്തില്‍ എടവണ്ണയായി മാറുകയായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. ഒരുകാലത്ത് കിഴക്കന്‍ ഏറനാട്ടിലെ ഏക ഗതാഗതമാര്‍ഗ്ഗമായിരുന്നു ഈ ഗ്രാമത്തെ ഇരു പകുതികളാക്കി ഒഴുകുന്ന ചാലിയാര്‍. കോഴിക്കോട് ഭാഗത്തു നിന്നും യാത്രാബോട്ടുകള്‍ ചാലിയാറിലൂടെ എടവണ്ണയിലെത്തിയിരുന്നു. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കാവല്‍ഭിത്തിപോലെ ഉയര്‍ന്നുനില്‍ക്കുന്ന ചെക്കുന്ന്, ആലങ്ങാടി, കൊളപ്പാടന്‍ എന്നീ മലവാരങ്ങളില്‍നിന്നും, നിലമ്പൂര്‍ കാടുകളില്‍ നിന്നുമുള്ള മരത്തടികള്‍ അക്കാലത്ത് ചങ്ങാടങ്ങളാക്കി കല്ലായിയിലേക്കെത്തിച്ചിരുന്നു. പിന്നീട് എടവണ്ണയിലെത്തുന്ന മരങ്ങള്‍, വലിയപേട്ടയില്‍ കൂട്ടിയിടാനും, മരത്തടികള്‍ വാങ്ങാന്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കച്ചവടക്കാര്‍ എടവണ്ണയിലെത്താനും തുടങ്ങി. അങ്ങനെ പുരാതനകാലം മുതല്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടേക്കെത്തിയ വിവിധ തരക്കാരായ ആളുകളുടെ സംസ്കാരങ്ങളെ മനസിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ഈ പ്രദേശത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു.

ഈ ഭാഗത്തെ ആളുകള്‍ക്ക് ഏറ്റവുമടുത്ത വാണിജ്യകേന്ദ്രം കോഴിക്കോടായിരുന്നു. ചാലിയാര്‍ അക്കാലത്തെ പ്രധാന വാണിജ്യയാത്രാമാര്‍ഗ്ഗമായിരുന്നു. എടവണ്ണ അക്കാലത്ത് ലക്ഷണമൊത്ത ഒരു കൊച്ചുതുറമുഖം തന്നെയായിരുന്നു. മരം മുറിക്കുകയും, തെരപ്പംകെട്ടി പുഴയിലൂടെ മരം കോഴിക്കോട്ടെത്തിക്കുകയും ചെയ്യുന്ന “പുഴമ്പണി” എടവണ്ണക്കാരില്‍ പലരുടെയും ഉപജീവനമാര്‍ഗ്ഗമായിരുന്നു.

ഒതായില്‍ ഒരു ഖാദിപ്രസ്ഥാനം തുടങ്ങിയതോടെയാണ് എടവണ്ണയില്‍ ദേശീയപ്രസ്ഥാനത്തിന് മുളപൊട്ടുന്നത്. അറക്കല്‍ മുഹമ്മദ്, എ.അലവിമൌലവി, പി.വി.മുഹമ്മദ്ഹാജി, പി.വി.ഉമ്മര്‍കുട്ടിഹാജി, പി.വി.ഷൌക്കത്തലി, പി.വി.അബ്ദുള്ളക്കുട്ടി, വി.പി.മുഹമ്മദുകുട്ടി, മീമ്പറ്റ മോയിന്‍കുട്ടി, പുളിക്കല്‍ മമ്മത് തുടങ്ങിയവരായിരുന്നു എടവണ്ണയില്‍ നിന്നും ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നത്. ഖിലാഫത്ത് സമരക്കാലത്ത് നടന്ന ഒരു പ്രധാനസംഭവമാണ് ഒതായില്‍ നടന്ന കൂട്ടക്കൊല. ഒതായില്‍ തമ്പടിച്ച കലാപകാരികളെ നേരിടാന്‍ ബ്രിട്ടീഷ് പട്ടാളമെത്തി. ബ്രിട്ടീഷ് പട്ടാളക്കാരെ നാടന്‍ തോക്കുകളുമായി കലാപകാരികള്‍ നേരിടുകയും ഒരു പട്ടാള ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തു. കലാപകാരികള്‍ ഓടിയൊളിക്കുകയും ശേഷിക്കുന്നവര്‍ ഒതായിപള്ളിയില്‍ അഭയം തേടുകയും ചെയ്തു. പട്ടാളം പള്ളിക്കു നേരെ നിറയൊഴിക്കുകയും പള്ളിക്കുള്ളിലേക്ക് ബോംബിടുകയും ചെയ്തു. 33 ആളുകള്‍ പള്ളിക്കുള്ളില്‍ പിടഞ്ഞുമരിച്ചു. ഈ 33 മൃതദേഹങ്ങളും ഒരുമിച്ചാണ് മറവു ചെയ്തത്. കൊല്ലപ്പെട്ട പട്ടാളക്കാരന്റെ മൃതദേഹം എടവണ്ണ ചോലക്കല്‍ കുന്നിന്‍മുകളിലും അടക്കം ചെയ്തു. ചെമ്പക്കുത്ത് കര്‍ഷകസംഘം രൂപികരിക്കപ്പെടുന്നതോടെയാണ് തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനം എടവണ്ണയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. കമ്യൂണിസ്റ്റുകാരെ സംരക്ഷിച്ചാല്‍ രണ്ടുകൊല്ലം തടവും രണ്ടായിരം രൂപ പിഴയുമായിരുന്നു അക്കാലത്തെ ശിക്ഷ. പാട്ടപ്രശ്നം ഉയര്‍ത്തിപ്പിടിച്ച് ഒട്ടേറെ കര്‍ഷകസമരങ്ങളും, മിച്ചഭൂമി സമരങ്ങളും ഇവിടെ നടന്നു. വളരെ പ്രധാനപ്പെട്ടൊരു മിച്ചഭൂമി സമരമാണ് പത്തപ്പിരിയത്ത് നടന്നത്. 1948-ല്‍ മേത്തലയില്‍ ഉണ്ണിഹസ്സന്റെ ഉടമസ്ഥതയിലുള്ള സിലോണ്‍ ബീഡി കമ്പനിയില്‍ മിനിമം വേതനത്തിനു വേണ്ടി നടന്ന പ്രക്ഷോഭമായിരുന്നു മറ്റൊന്ന്. ബീഡി കെട്ടുകള്‍ക്ക് തീകൊളുത്തിക്കൊണ്ട് നടത്തിയ ആ പ്രക്ഷോഭം തൊഴിലാളികള്‍ക്കിടയില്‍ ഉണര്‍വ്വുണ്ടാക്കി. ഏറെ കോളിളക്കമുണ്ടാക്കിയ, “ജജ് നല്ല മനുസനാകാന്‍ നോക്ക്” എന്ന നാടകം നാടകരചയിതാവായ ഇ.കെ.അയമുവിന്റെയും ഡോ.എം.ഉസ്മാന്റെയും നേതൃത്വത്തില്‍ എടവണ്ണ പൂന്തുരുത്തിയില്‍ അരങ്ങേറി. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആരംഭം എടവണ്ണയുടെ സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കി.